കുറ്റവും ശിക്ഷയും.

    'അലക്കി വളുപ്പിച്ച' 'കറുത്ത' കോട്ടുമിട്ട് കോടതി മുറിയിലേക്കയാൾ നെഞ്ചും വിരിച്ച് കേറി വന്നു... നിയമ സംഹിതകൾ ഭവ്യതയോടെ എഴുന്നേറ്റ് നിന്ന് തൊഴുതു..  നീതി ദേവത കണ്ണും പൂട്ടി തിരിഞ്ഞ് നിന്നു.. ഇന്നയാൾ രക്ഷിക്കാൻ പോകുന്ന ക്രിമിനൽ ആരെന്നറിയാൻ ദൈവങ്ങൾ വാതിലിൻ്റെ പിന്നിൽ നിന്നൊളിഞ്ഞുനോക്കി.. കാരണം, എത്രയെത്ര കൊടും ക്രിമിനലുകളെയാണ് ലക്ഷങ്ങൾ എണ്ണി വാങ്ങി നിയമത്തിൻ്റെ പഴുതിലൂടയാൾ രക്ഷിച്ചെടുത്തിരിക്കുന്നത്.. അതാണ്  അഡ്വകേറ്റ് കാർലോസ് കണ്ടകശ്ശേരി.. ചോരയുടെ നനവുണങ്ങാത്ത നോട്ടുകെട്ടുകൾ എണ്ണി വാങ്ങുമ്പോൾ കൈകൾ തെല്ലും വിറയ്ക്കാത്തവൻ.. നോട്ടുകെട്ടിലെ ചോരയുടെ മണം മൂക്കിലേക്ക് വലിച്ചു കേറ്റി ഒരു ഹിംസ്ര ജന്തുവിനേപ്പോലെ തുറിച്ച് നോക്കുമ്പോള്‍ കത്തിജ്വലിക്കുന്ന കണ്ണുകളിൽ കാണുന്നത് പണത്തോടുളള ആർത്തി മാത്രം.
''കൈ നിറയെ കാശും അഡ്വകേറ്റ് കാർലോസും കൂടിയുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം, ആരെയും കൊല്ലാം'' 
നാട്ടുകാർ ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ പറയണതൊന്നും അയാൾക്കൊരിക്കലും ഒരപമാനമായി തോന്നീട്ടില്ല.. 
ഇന്നയാൾ വന്നിരിക്കുന്നത് കൊല്ലും കൊലയും ബലാത്സംഗവും, തൊഴിലാക്കിയ, തല്ലീട്ട് വരാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന രാഷ്ട്രീയ ഗുണ്ട കടുക്ക സുനി ക്ക് വേണ്ടിയാണ്.. ഇന്ന് പക്ഷേ പതിവിന് വിപരീതമായി സുനി പ്രതിയല്ല വാദിയാണ്..  നീണ്ട കാലത്തെ ആശുപത്രി വാസത്തിൻ്റെ അവശേഷിപ്പുകൾ ശരീരത്തിൽ കാണാം.. ഒരു മൂന്ന് മാസം മുൻപ് പ്രതിയുടെ വേഷത്തിൽ ഇതേ കോടതിയിൽ സുനി എത്തിയിരുന്നു..  പതിനാല് വയസ്സ് തികയാത്ത ഒരു പാവം  പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി ആയിട്ട്, അന്ന് സുനിയെ  നിരപരാധിയാക്കി ഇറക്കിക്കൊണ്ട് പോയത് ഇതേ അഡ്വകേറ്റ് തന്നെ.. കാർലോസ്..
അന്ന് വിജയശ്രീലാളിതനായി കോടതിയിൽ നിന്നും നെഞ്ചും വിരിച്ച് ചിരിച്ച് ഇറങ്ങിപ്പോണ സുനിയെ കണ്ട് നെഞ്ച് തകർന്ന ഒരച്ഛൻ്റെ പ്രതികാരമാണ്  സുനിയെ ഒരു നീണ്ട ആശുപത്രി വാസത്തിലേക്കെത്തിച്ചത്.. തൻ്റെ മകളെ കൊന്നവനെ നിയമപരമായി ഒന്നും ചെയ്യാൻ തനിക്കാവില്ലെന്ന്  തിരിച്ചറിഞ്ഞ ആ അച്ഛൻ അവനൊരു വിധിയെഴുത്തി പരമാവധി ശിക്ഷ.. വധശിക്ഷ.. പക്ഷേ, നിർഭാഗ്യവശാൽ വധശിക്ഷ നടപ്പാക്കാൻ ആ സാധുവിനായില്ല, അതിനു മുൻപേ പാതി ജീവനും കൊണ്ട് ഒരുവിധത്തിൽ സുനി രക്ഷപെട്ട് പോയി..  നീണ്ട നാളത്തെ ആശുപത്രി വാസം സുനിയെ ശാരീരികമായി തളർത്തിയെങ്കിലും മാനസികമായി ഒരു തരിപോലും തകർന്നിട്ടില്ലിതുവരെ.. അതല്ലേ കാർലോസിനെ കൂട്ടുപിടിച്ച് തന്നെ കൊല്ലാൻ ശ്രമിച്ചവന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇന്നിവിടെ എത്തിയിരിക്കുന്നത്. 
പ്രമാദമായ കേസായതിനാൽ കോടതി പരിസരം രാവിലെ മുതൽ പത്രക്കാരെയും ചാനലുകാരെയും കൊണ്ട് നിറഞ്ഞിരുന്നു.. 
സുനിയുടെയും കാർലോസിൻ്റെയും ജീവചരിത്രവും വീര സാഹസിക കഥകളും വിവരിക്കുന്ന തിരക്കിനിടയില്‍ മകൾ നഷ്ടപ്പെട്ടതിൻ്റെയും അവളുടെ ഘാതകൻ്റെ ജീവനെടുക്കാൻ പറ്റാത്തതിൻ്റെയും  വേദനയാൽ ശരീരവും മനഃസ്സും തകർന്നിറങ്ങിവരണ ഒരു പാവം അച്ഛനെ ആരും കണ്ടില്ല.. ഒരു കൊടും കുറ്റവാളിയെന്ന പോലെ കൈവിലങ്ങുകളണിഞ്ഞ് പൊലീസ് അകമ്പടിയോടെ കോടതി മുറിയിലേക്കയാൾ വേച്ച് വേച്ച് ചുവടുകൾ വച്ചു.. ചുറ്റും കൂക്കൂ വിളികളും അലർച്ചയും അട്ടഹാസങ്ങളുമെല്ലാം മുഴങ്ങുന്നുണ്ടായിരുന്നു..  സുനിയുടെ കയ്യിൽ നിന്നും കൈമടക്ക് മേടിച്ചതിൻ്റെ കൈക്കരുത്ത് പൊലീസുകാർ പുറത്ത്  തീർത്തതിൻ്റെ ക്ഷീണത്താൽ 
നിവർന്ന് നിൽക്കാൻ ജീവനില്ലാതെ  പ്രതിക്കൂട്ടിലയാൾ ചാരി നിന്നു.. പുറത്ത് കേട്ടതിലും വലിയ അട്ടഹാസങ്ങളുമായി കാർലോസ് മുന്നിൽ വന്ന്  നിന്നപ്പോൾ മുട്ടു കൂട്ടിയിടിച്ചു ആ പാവത്തിൻ്റെ.. 
വാഗ്വാദങ്ങൾക്കും ആക്രോശങ്ങൾക്കുമൊടുവിൽ ആറ് വർഷം കഠിന തടവെന്ന വിധിവാചകം ജഡ്ജി വായിക്കുന്നത് കേട്ട് നെഞ്ച് തകർന്ന ഒരു നിലവിലവിളിയോടെ നിലത്തേക്കയാൾ കുഴഞ്ഞുവീണു..

ഏറ്റു നിൽക്കാൻ ശേഷിയില്ലാത്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് തൂക്കിയെടുത്ത് ജീപ്പിലേക്ക് എറിഞ്ഞു....
......  ......  ..
.....  ... ...

ഈ സമയം..
ബാഗിൽ നിന്നും അഞ്ഞൂറിൻ്റെ ഒരു കെട്ട് നോട്ട് എടുത്ത് ഒരു സൈഡിൽ നിന്നും പതിയെ കടിച്ച് തിന്നുകൊണ്ട് കാർലോസ്  കാർ സ്റ്റാർട്ട് ചെയ്തു.

സുഖചികിത്സസയ്ക്ക് പറ്റിയ സുഖവാസകേന്ദ്രം തേടി സുസ്മേരവദനനായ് സുനിയും യാത്രയായി.

*******  ********  ********  ******
                                              - രഞ്ജിത് 





Comments

Post a Comment

Popular posts from this blog

ധര്‍മ്മരാജ്യം

കഥ.. ശവക്കുഴികൾ വിലപേശുമ്പോൾ.