ധര്‍മ്മരാജ്യം
അന്നും പതിവു പോലെ ചൂത് കളിക്കാന്‍ കാശിനായി ഖജനാവില്‍ കയ്യിട്ട രാജാവ് ഞെട്ടി പോയി..
കയ്യില്‍ ഒന്നും തടഞ്ഞില്ല..
അകത്തേക്ക് നോക്കി.. ശൂന്യം..
രാജാവിന്‍റെ ആര്‍ഭാട ജീവിതത്തിന്‍റെയും ധൂര്‍ത്തിന്‍റെയും ബാക്കി പത്രം പോലെ ആ ഖജനാവ് കാലിയായി കിടക്കുന്നു..
ഞെട്ടിവിറച്ച രാജവ് പൊട്ടിത്തെറിച്ചു
രാജാവിന്‍റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ മന്ത്രിയുടെ കണ്ണ്, കാലിയായ ഖജനാവ് കണ്ട് ഒരു മുഴം പുറത്തേക്ക് തളളി..
മന്ത്രിയും രാജാവും കുലങ്കുഷമായ ചര്‍ച്ച തുടങ്ങി..
''ഇനി എന്തെടുത്ത് വില്‍ക്കും മന്ത്രീ.''
''ആആആ എനിക്കറിയില്ല.''
''ഹാ.. എന്നു പറഞ്ഞാലെങ്ങനാ.. ഒരു പോം വഴി പറയെടോ..'' രാജാവ് കെഞ്ചി,
''ഞാനെന്നു മുതല്‍ പറയുന്നതാ ഈ പോക്ക് അപകടത്തിലേക്കാണെന്ന്.. അപ്പോള്‍ കേട്ടോ.. ഇനി അനുഭവിച്ചോ.''
''ഹാ.. താനിങ്ങനെ കഴിഞ്ഞതെല്ലാം പറഞ്ഞ് എന്നെ ടെന്‍ഷനടിപ്പിക്കാതെ ഒരു വഴി കണ്ടു പിടിക്കെടോ.''
''വില്‍ക്കാന്‍ എന്തെങ്കിലും ബാക്കിയുണ്ടോ ഇനി.. അവസാനം പ്രജകളെ കൂടി പണയം വച്ചല്ലേ ഇന്നലെ ആ 'പ്രമുഖ'നോട് ചൂത് കളിച്ചത്.. അതും ഊൗൗമ്പി.. ഇപ്പോളിവിടുത്തെ ജനങ്ങളെല്ലാം ആ പ്രമുഖൻ്റെ അടിമകളാ.. ശരിക്കും പറഞ്ഞാൽ നമ്മൾ ഉൾപ്പെടെ..''
''ശൊ.. ഒന്ന് പതുക്കെ പറയെടോ.. ആരെങ്കിലും കേട്ടാല്‍..''
''കേള്‍ക്കട്ടെ... അധികം താമസിയാതെ എല്ലാരും ഇതൊക്കെ അറിയും.. താങ്കളെ അവർ പച്ചയ്ക്ക് കത്തിക്കും..''
''ഏഏഏയ് അതോര്‍ത്ത് താന്‍ പേടിക്കണ്ട.. അതിനുളള വിവരമൊന്നും അവറ്റകള്‍ക്കില്ലെടോ''
ഉം.. ഇനി അങ്ങനെ പറഞ്ഞോണ്ടിരുന്നാൽ മതി..
ഈ പ്രമുഖൻമാരുമായുളള ചങ്ങാത്തം അത്ര നന്നല്ല അവർക്കിത് കാര്യസാധ്യത്തിനുളള തന്ത്രം മാത്രമാവൂന്ന് എത്ര വട്ടം പറഞ്ഞതാ.. എന്നിട്ട് കേട്ടോ, ഇപ്പം എന്തായി.''
ഇനിയെങ്കിലും ഞാന്‍ പറയണത് അങ്ങൊന്ന് കേള്‍ക്ക്..
എല്ലാം എല്ലാരും അറിയും ഒരു നാള്‍.. അതിനു മുന്‍പ് വില്‍ക്കാന്‍ എന്തേലും ബാക്കിയുണ്ടേൽ അതും കൂടി വിറ്റ് കിട്ടണ കാശും കൊണ്ട് നമുക്ക് നാടു വിടാം.''
''നാടു വിടാനോ.. ഞാനൊരു രാജാവല്ലേടോ..''
''ഉം.. രാജാവ്.. എന്നേക്കൊണ്ടൊന്നും പറയിക്കരുത്... പ്രജകളില്ലാതെ എന്തോന്ന് രാജാവ്..''
ങേ.!!!
''ഓഹോ... അപ്പോൾ പ്രജകളെയെല്ലാം ഇന്നലെ ആ പ്രമുഖന് പണയം വെച്ചത് മറന്നോ.. ഇനിയിപ്പോള്‍ രായാവ് ന്നും പറഞ്ഞ് നടന്നാൽ പ്രജകൾ അല്ല ആ പ്രമുഖൻ്റെ ആളുകൾ തന്നെ അങ്ങയെ തല്ലിക്കൊല്ലും.''
''അല്ല.. അത് പിന്നെ ഞാനിന്നലെ ഇത്തിരി ഓവറായിപ്പോയില്ലേടോ.. ഒന്നും അറിഞ്ഞോണ്ടല്ല.. പറ്റിപ്പോയി..''
''ഇത്തിരി അല്ല ശരിക്കും ഓവറാരുന്നു ഞാൻ എടുത്തോണ്ടല്ലേ കട്ടിലില്‍ കിടത്തീത്..''
''അല്ല... അതിനിനി എന്താടോ ഇവിടെ വില്‍ക്കാനുളളത്..''
''ആആആ...
ഭൂമിയിലും പാതാളത്തിലും ഇനി ബാക്കിയൊന്നുമില്ല.. അതെല്ലാം ബസ്റ്റ് ഫ്രണ്ട്സ് കൈക്കലാക്കീല്ലേ.. ഇപ്പോൾ ദേ പ്രജകളേയും.. ചങ്ക് ബ്രോസ് അല്ലാരുന്നോ ചങ്ക് ബ്രോസ്... ഇപ്പഴാ ശരിക്കും ചങ്ക് ബ്രോസ് ആയത് കൃത്യം ചങ്കിൽ തന്നെ കുത്തിയില്ലേ... ഹ ഹ ഹ ഹഹ...''
''ഹാ... ശവത്തില്‍ കുത്താതെടോ.''
''പ്രജകൾ ഉണ്ടെങ്കിലേ രാജാവ് ഉളളൂന്ന് ഇനിയെങ്കിലും അങ്ങ് മനഃസ്സിലാക്ക്.. അല്ല.. ഇനിയിപ്പോള്‍ മനഃസ്സിലാക്കീട്ട് എന്ത് കാര്യം എല്ലാം കൈവിട്ടു പോയില്ലേ.. ഏതായാലും ഭൂമിയില്‍ ഇനി വിൽക്കാൻ ഒന്നുമില്ലാത്ത സ്ഥിതിക്ക് മാനത്തുളളതുംകൂടി അങ്ങ് വിൽക്കാം .''
''എന്ത്.!!! മാനം വിൽക്കാന്നോ.. ഏഏയ് അതൊന്നും പറ്റില്ല.''
''അയ്യട.. മാനം പോലും...? അതിന് ഉളളതല്ലേ വിൽക്കാൻ പറ്റൂ.'' മന്ത്രി ആത്മഗതം പോലെ പറഞ്ഞു..
''കുണു കുണാന്ന് പറഞ്ഞോണ്ടിരിക്കാതെ ഒന്ന് തെളിച്ച് പറയെടോ എൻ്റെ മന്ത്രി കുശ്മാണ്ടമേ..''
''എൻ്റെ പൊന്ന് തിരുമനസ്സേ.. നമുക്ക് വായു വില്‍ക്കാന്ന്.. ഓക്സിജനും , ഹൈഡ്രജനും,
നൈട്രജനുമൊക്കെ..''
''ങേ...!!!! അതിന് അതൊക്കെ ആര് വാങ്ങാനാടോ.?''
''അതിനാണോ പാട് അങ്ങയുടെ വിശ്വസ്ഥരായ വ്യവസായ പ്രമുഖർ ഇനിയുമില്ലേ 'ചങ്ക് ബ്രോസ്...' വിളിച്ചു നോക്കെന്നേ.'' മന്ത്രി ഒന്ന് ആക്കി ചിരിച്ചു
രാജാവ് ദയനീയമായി മന്ത്രിയെ നോക്കി.
'നടക്കുമോ..?''
''പിന്നെ നടക്കാതെ....
വായു മുഴുന്‍ വാങ്ങി കുപ്പിയിലാക്കിയാല്‍ അവർ രാജാക്കന്‍മാരായില്ലേ.. പിന്നെ അവര്‍ പറയുന്ന വിലയ്ക്ക് വാങ്ങേണ്ടി വരില്ലേ ജനങ്ങള്‍ക്ക് ശ്വസിക്കാൻ.''
'' അത് കൊളളാം.. നല്ല ഐഡിയ..
ഹൊ..!! തന്നേപ്പോലൊരു മന്ത്രിയെ കിട്ടീത് എന്‍റെ ഭാഗ്യം..''
''ഐഡിയ കിട്ടിയതിൻ്റെ ആഹ്ളാദപ്രകടനമൊക്കെ പിന്നെയാവാം... പ്രജകൾ കുത്തിന് പിടിക്കണതിനു മുൻപ് ആരെയെങ്കിലും വിളിച്ച് കച്ചവടം ഉറപ്പിക്കാന്‍ നോക്ക്... ഏതായാലും പ്രജകളെ വിലയ്ക്കെടുത്ത പ്രമുഖനെ ഇതറിയിക്കണ്ട.. പ്രജകളെ പണയം വച്ച കാര്യം വായു വാങ്ങുന്നവരും അറിയരുത്.''
''ഉം.... എല്ലാം രഹസ്യമായിരിക്കണം ല്ലേ.?''
''അതെ.. അതാ നല്ലത്''
പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
രാജാവ് മൊബൈല്‍ എടുത്ത് വിളി തുടങ്ങി
പലരുമായും വില പേശലും തര്‍ക്കങ്ങളും ഒക്കെ നടന്നു..
ഒടുക്കം രാജാവിന്‍റെ വിശ്വസ്ഥനായ ഒരു വ്യവസായ പ്രമുഖനുമായി ഫോണിലൂടെ തന്നെ കച്ചവടം ഉറപ്പിച്ചു..
രാജാവും മന്ത്രിയും ഒഴികെ മറ്റാരും ഇതൊന്നും അറിഞ്ഞില്ല.
പ്രമുഖന്‍ നേരിട്ടെത്തി,
എഗ്രിമെന്‍റുകള്‍ ഒപ്പിടീലും കാശ് കൈമാറ്റവുമെല്ലാം വളരെ രഹസ്യമായി തന്നെ തീർത്തു.
പിറ്റേന്ന് രാവിലെ പത്രങ്ങളിലും, ടി.വി ചാനലുകളിലുമെല്ലാം ആ വാര്‍ത്ത കണ്ട് ജനങ്ങള്‍ ഞെട്ടി..
ചാനലുകളിലെല്ലാം ഫ്ളാഷ് ന്യൂസ് ഓടിക്കൊണ്ടിരുന്നു..
'' ഇനി മുതൽ ശ്വാസ വായുവിനും പണം നല്‍കണം.''
വ്യവസായ പ്രമുഖന്‍റെ പരസ്യവുമുണ്ടായിരുന്നു അതോടൊപ്പം..
''ഈ രാജ്യത്തെ വായു മുഴുവന്‍ രാജാവ് എനിക്ക് വിറ്റിരിക്കുന്നു.. അന്തരീക്ഷത്തിൽ നിന്നും ഓക്സിജന്‍ കുപ്പികളിൽ നിറച്ചോണ്ടിരിക്കുകയാണ്.. ഇനി മുതല്‍ ജനങ്ങള്‍ക്ക് വായു കുപ്പികളില്‍ വാങ്ങാന്‍ കിട്ടുന്നതാണ്..
മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡ് പോലെ റീച്ചാർജ് കാർഡുകളും ലഭിക്കുന്നതായിരിക്കും''
വാർത്ത കണ്ട ജനങ്ങള്‍ ആകെ പരിഭ്രാന്തരായി..
എല്ലാരും നാലുപാടും പരക്കം പായാന്‍ തുടങ്ങി..
പലർക്കും അപ്പഴേ ശ്വാസം മുട്ടൽ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു..
അതെ... ജനങ്ങൾ ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞു.... അന്തരീക്ഷത്തിൽ ഓക്സിജന്‍റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുന്നു.. ഇനി എത്ര നേരം അതുണ്ടാവും എന്നറിയില്ല..
അങ്ങിങ്ങായി നിലവിളികളും കൊലവിളികളും ഉയർന്നു തുടങ്ങിയിരിക്കുന്നു..
എല്ലാരും പല സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും ഒരിടത്തു നിന്നും വ്യക്തമായ ഒരു മറുപടി ആർക്കും ലഭിച്ചില്ല..
ഒടുക്കം എല്ലാരും കൂടി രാജാവിനെ കാണാന്‍ കൊട്ടാരത്തിലേക്കോടി..
അവിടെ അവര്‍ക്ക് ആരെയും കാണാന്‍ സാധിച്ചില്ല..
രാജാവിൻ്റെ ഖജനാവു പോലെ കൊട്ടാരവും അപ്പോള്‍ ശൂന്യമായിരുന്നു.
***** **** *****
-രഞ്ജിത്.
Comments
Post a Comment