കഥ - നാരിയിറച്ചി.
''നാരിയിറച്ചി കടകൾക്ക് ലൈസൻസ് നൽകുന്നു.''
പത്രത്തില്‍ ഈ വാർത്ത വായിച്ച പോത്ത് വറീത് സന്തോഷം കൊണ്ട് തുളളിച്ചാടി.. നാട്ടിലെ പ്രമുഖ കശാപ്പുകാരനാണ് വറീത്, ഏത് ചാവാലി പശുവിൻ്റെ ഇറച്ചിയും പോത്തിറച്ചി എന്ന് പറഞ്ഞ് വിൽക്കാൻ യാതൊരു മടിയുമില്ല വറീതിന്, അങ്ങനെ നാട്ടുകാരിട്ട പേരാണ് പോത്ത് വറീത്..
പോത്ത്, കാള, മൂരി,ആട് തുടങ്ങിയ ഇറച്ചികൾ വിൽക്കുന്നതിനിടയിൽ രഹസ്യമായി 'നാരി' ഇറച്ചിയും വിറ്റാണ് അയാൾ കാശുണ്ടാക്കിയിരുന്നത്.. അയാൾ മാത്രമല്ല എല്ലാ കശാപ്പുകാരും രഹസ്യമായി നാരിയിറച്ചി വിറ്റിരുന്നു..
ആട്, പോത്ത്, മൂരി തുടങ്ങിയവയെ വാങ്ങാൻ പണം വേണമെങ്കിൽ നാരികളെ പണം മുടക്കാതെ തന്നെ കിട്ടും ആതാണല്ലോ ഈ കച്ചവടത്തിൻ്റെ ലാഭവും.. ''അസമയത്ത്'' പുറത്തിറങ്ങി പതുങ്ങി നിന്നാൽ മതി, തനിച്ച് വരുന്ന ഏതെങ്കിലും നാരികളെ കണ്ടാൽ പിടിച്ചുകൊണ്ട് പോരാം.. ആരും ചോദിക്കാന്‍ വരില്ല..
പോകെപ്പോകെ നാരിയിറച്ചിക്ക് ആവശ്യക്കാർ കൂടിവരാൻ തുടങ്ങി.. ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും ആവശ്യപ്പെട്ട് വന്നോണ്ടിരുന്നു.
അങ്ങനെ നാട്ടിൽ നാരികളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞ് വന്നു.. കച്ചവടക്കാരുടെ എണ്ണം കൂടിക്കൂടിയും..,നാരിയിറച്ചി വിൽക്കാൻ പ്രത്യേകിച്ച് സ്ഥലമോ കടയോ വേണ്ടല്ലോ.. എവിടെയും വിൽക്കാം ... ബസ്സ് സ്റ്റാൻ്റ്, റയിൽവേ സ്റ്റേഷൻ, സ്കൂളുകൾ, കോളേജുകൾ, ആരാധനാലയങ്ങൾ, തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വിൽക്കാം, പെരുവഴിയിലും വിൽക്കാം, എന്തിന് വീടുകളിൽ പോലും വിൽക്കാം.
ഇടയ്ക്ക് ചില സാമൂഹ്യ സംഘടനകളും പൊതു പ്രവർത്തകരുമൊക്കെ വിഷയത്തിൽ ഇടപെട്ടു.. ചർച്ചകൾ പലതും നടന്നു, ഒരുമിച്ചിരുന്ന് നാരിയിറച്ചി ടച്ചിംഗ്സ് ആക്കി കളളും കുടിച്ച് അവർ പിരിഞ്ഞു..
എങ്കിലും ആയിരത്തിലൊന്ന് പോലെ കാണുന്ന ചിലരുണ്ടല്ലോ അതുപോലൊരു പൊലീസ് ഓഫീസറുടെ നിശ്ചയദാർഠ്യത്തിനും മനക്കരുത്തിനും മെയ്ക്കരുത്തിനും മുൻപിൽ മുട്ടു മടക്കി തൽക്കാലത്തേക്ക് നാരിയിറച്ചി കച്ചവടം നിർത്തേണ്ടി വന്നു.. അനധികൃതമായതിനാലാണ് ആ കച്ചവടം നിർത്തേണ്ടിവന്നത് എന്ന് മനഃസ്സിലാക്കിയ കശാപ്പുകാർ ഇതിന് ലൈസൻസൊപ്പിക്കാനുളള ഓട്ടം തുടങ്ങി, അതത്ര എളുപ്പത്തിൽ നടക്കില്ല എന്നറിഞ്ഞ അന്നുമുതൽ കടുത്ത വിഷാദത്തിലാണ് നമ്മുടെ വറീത്..
ഭാര്യയും മക്കളും അയാളുടെ വിഷാദം കണ്ട് ആകെ സങ്കടത്തിലായി, പലവട്ടം ചോദിച്ചിട്ടും അയാളൊന്നും പറഞ്ഞില്ല, അതെങ്ങനെ നാരിയിറച്ചി വിൽക്കാൻ പറ്റാത്തതാണ് തൻ്റെ വിഷാദത്തിന് കാരണം എന്ന് അയാൾക്ക് പറയാൻ പറ്റുമോ..
നാരിയിറച്ചി കച്ചവടത്തിന് ലൈസൻസ് തരപ്പെടുത്താൻ രഹസ്യമായി ഒരുപാട് ചരടുവലികൾ നടത്തി നമ്മടെ കശാപ്പുകാർ, വറീത് എല്ലാത്തിനും മുൻപിൽ ഉണ്ടായിരുന്നു.. ഏതായാലും അവരുടെ പ്രയത്നങ്ങൾ ഫലം കണ്ടു..
ഒടുവിൽ ദാ ലൈസൻസ് കൊടുക്കാൻ പോകുന്നു..
സന്തോഷം കൊണ്ട് മതിമറന്ന വറീത് അടുക്കളയിലേക്കോടി, ഭാര്യ അവിടെ എന്തോ പാചകത്തിൽ മുഴുകിയിരിക്കുകയായിരുന്നു.. അയാളുടെ സന്തോഷം കണ്ട് ഭാര്യ ചോദിച്ചു..
''എന്ത് പറ്റി വല്ല്യ സന്തോഷം''
''രക്ഷപെട്ടെടീ രക്ഷപെട്ടു...'' ഭാര്യയുടെ കയ്യിൽ പിടിച്ചുകൊണ്ട് അയാൾ തുളളിച്ചാടി..
''ഹാ.. എന്തോന്നാ മനുഷ്യാ ഇത് .. കൈ വിട്, വയസ്സുകാലത്ത് ഓരോ ഇളക്കം''
''എടീ നാരിയിറച്ചി വിൽക്കാൻ സർക്കാർ ലൈസൻസ് കൊടുക്കുന്നൂന്ന്.''
''എന്ത്...? നരിയിറച്ചിയോ.''
''എടീ മൊരട്ട് പോത്തേ... നരിയിറച്ചിയല്ല, നാരിയിറച്ചി. നാരി, ന്ന് വച്ചാൽ പെണ്ണ്..''
''എൻ്റെ ദൈവമേ.. പെണ്ണോ.?''
ങാ... പെണ്ണ്,.. പെണ്ണിന്റെ ഇറച്ചി വിൽക്കാൻ.''
''പെണ്ണിന്റെ ഇറച്ചിയോ.? നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്, എനിക്കൊന്നും മനഃസ്സിലാവണില്ല..''
''ആ നീയിപ്പോൾ ഇത്രേം മനഃസ്സിലാക്കിയാൽ മതി.. ഞാൻ പോണൂ.. എനിക്കാ ലൈസൻസിനുളള കാര്യങ്ങൾ നോക്കണം.'' അയാൾ പുറത്തേക്ക് പോയി.
വറീതിൻ്റെ ഭാര്യ ഒന്നും മനഃസ്സിലാവാതെ അയാൾ പോണതും നോക്കി അൽപം നേരം നിന്നു.. പിന്നെ അടുക്കളയിലേക്ക് ഓടി.. അവിടുന്ന് എന്തോ കരിഞ്ഞ മണം വരുന്നുണ്ടാരുന്നു.
**** *****
ലൈസൻസിനുളള അപേക്ഷയുമായി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയ വറീത് അവിടുത്തെ തിരക്ക് കണ്ട് ഞെട്ടിപ്പോയി...
വാർത്ത കേട്ട് നാട്ടിലെ കശാപ്പുകാരെല്ലാം അവിടെ തടിച്ചു കൂടിയിരുന്നു.. ഒരു വിധത്തില്‍ തിക്കിത്തിരക്കി അകത്തു കയറി അപേക്ഷ കൊടുത്ത് പുറത്തിറങ്ങിയ വറീത് ഫോണെടുത്ത് തൻ്റെ സഹായി ചീങ്കണ്ണി വാസുവിനെ വിളിച്ചു, വാസു അപ്പോള്‍ വാർത്തയറിഞ്ഞ് വറീതിൻ്റെ വീട്ടിൽ എത്തിയിരുന്നു..
''വീട് പൂട്ടിയിരിക്കുകയാണല്ലോ മുതലാളീ'' വാസു പറഞ്ഞു...
ഞാൻ ''എൻ്റെ വീട്'' വരെ ഒന്ന് പോകൂന്ന് ഭാര്യ രാവിലെ പറഞ്ഞത് അപ്പോളാണ് വറീത് ഓർത്തത്.
''നീ അവിടെ നിൽക്ക് ഞാനിപ്പം വരാം'' അതും പറഞ്ഞയാൾ ജീപ്പിലേക്ക് കയറി.
വീട്ടിലെത്തിയ അയാൾ കണ്ടത് താടിക്ക് കയ്യും കൊടുത്ത് വലിയ ആലോചനയിൽ മുഴുകിയിരിക്കുന്ന വാസുവിനെയാണ്..
''എന്താടോ ഇത്ര വലിയ അലോചന, എന്തുപറ്റി തനിക്ക്,, വറീത് ചോദിച്ചു.
''അതേ മുതലാളീ.. നമുക്ക് നാളെ തന്നെ തുടങ്ങണ്ടേ..''
''ലൈസൻസ് കിട്ടിയിട്ട് പോരേടാ.''
'' ഏഏയ് അത് ശരിയാവില്ല, നമ്മൾ ലൈസൻസ് കിട്ടുന്നതും നോക്കിയിരുന്നാൽ മറ്റുളളവരെല്ലാം കേറി കച്ചവടം തുടങ്ങും.''
''ആണോ.''
''പിന്നില്ലാതെ... നാളെത്തന്നെ തുടങ്ങണം. ഇല്ലെങ്കില്‍ നമ്മൾ ഒരുപാട് പിറകിലായി പോകും.''
''ശെടാ.. അങ്ങനെയെങ്കിൽ നാളത്തേക്കുളള ''ഇരയെ'' ഇന്ന് തന്നെ തപ്പിയെടുക്കണ്ടേ.?''
''അതല്ലേ ഞാൻ ആലോചിച്ചുകൊണ്ടിരുന്നത്..''
''ഹൊ... ഞാൻ അത്രയ്ക്ക് അങ്ങ് ചിന്തിച്ചില്ല, പെട്ടെന്ന് ഇനിയിപ്പോൾ എവിടെ ചെന്ന് ഒപ്പിക്കും.. ഭാര്യ ആണെങ്കില്‍ അവളുടെ വീട്ടിൽ പോയതാ, അവിടെ അപ്പൻ ചാകാറായി കിടക്കുവല്ലേ... ഇല്ലെങ്കില്‍ അവളെ പൊക്കായിരുന്നു...
നിൻ്റെ ഭാര്യ വീട്ടിലുണ്ടോ.''?
''ഇല്ല മുതലാളീ.. അവൾ ''വേളാങ്കണ്ണി'' പോയിരിക്കുവാ.. നളെ രാത്രിയേ എത്തൂ..'' മറ്റന്നാള്‍ വേണമെങ്കിൽ അവളെ പൊക്കാം.
''ശൊ.. ആകെ കുഴപ്പമായല്ലോ.. നാളെ തന്നെ തുടങ്ങിയില്ലെങ്കിൽ ശരിയാവില്ല ല്ലേ.?''
''വിഷമിക്കണ്ട മുതലാളീ.. നമുക്ക് എവിടുന്നേലും ഒപ്പിക്കാം.''
''എൻ്റെ ദൈവമേ.. നീ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ..'' വറീത് ദൈവത്തെ വിളിച്ച് അപേക്ഷിച്ചു..
പെട്ടെന്നാണ് വീട്ടു പടിക്കൽ ഒരു ഓട്ടോ വന്ന് നിന്നത്.. വറീതും വാസുവും ആകാംഷയോടെ അങ്ങോട്ട് നോക്കി, പട്ടണത്തിൽ നേഴ്സിംഗിന് പഠിക്കുന്ന വറീതിൻ്റെ മകൾ ചിന്നു ആയിരുന്നു അത്..
വാസു വറീതിനെ അർത്ഥം വച്ച് നോക്കി..
''ഇവളെന്താ ഇന്ന് വന്നത്... ഇന്ന് വ്യാഴാഴ്ചയല്ലേ... സാധാരണ വെളളിയാഴ്ചയാണല്ലോ വരുന്നത്..'' വറീത് സ്വയം പറഞ്ഞു..
''ഞങ്ങടെ കോളേജിൻ്റെ മുകളിൽ നിന്നും ചാടി ഒരു പെൺകുട്ടി മരിച്ചു... ആരോ കൊന്നതാണെന്നാ എല്ലാരും പറയണത്.. ഏതായാലും ആകെ സമരവും ബഹളവുമൊക്കെയായി, രണ്ടു ദിവസത്തേക്ക് ക്ളാസുണ്ടാവില്ലിനി, അതുകൊണ്ട് ഞാനിങ്ങ് പോന്നു.
അമ്മയെവിടെ അച്ഛാ.?
അമ്മ വീട്ടിൽ പോയതാ.. നീ അകത്തേക്ക് ചെന്ന് വല്ലതും കഴിക്ക്..
''ദൈവം എത്ര പെട്ടെന്നാ മുതലാളീടെ പ്രാർത്ഥന കേട്ടത്..'' ചിന്നു അകത്തേക്ക് പോകുന്നത് നോക്കി വാസു പറഞ്ഞു..
വറീത് വാസുവിനെ നോക്കി...
അതല്ലേ സാധാരണ വെള്ളിയാഴ്ച വന്നിരുന്ന ചിന്നു ഈ പ്രാവശ്യം നേരത്തെ എത്തിയത്.. വറീതിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് വാസു പറഞ്ഞു.
വറീതിൻ്റെ മുഖത്ത് ഒരു ഗൂഡ മന്ദസ്മിതം വിരിഞ്ഞു..
പെട്ടെന്ന് വറീത് പതിയെ അകത്തേക്ക് കയറി.. പുറകെ വാസുവും.
അകത്ത് കേറിയ വാസു തിരിഞ്ഞു നിന്ന് നാലു ഭാഗത്തേക്കും സൂക്ഷിച്ചൊന്ന് നോക്കി ശേഷം ആ വാതിലുകൾ ചേർത്തടച്ച് കുറ്റിയിട്ടു.
*** **** *****
- രഞ്ജിത്.
സൂപ്പർ 😍
ReplyDeleteThank uuu
Delete