കഥ....
ഭാഗ്യവാൻ
***************
''അവനൊരു ഭാഗ്യവാനാ''
എല്ലാവരും തന്നേക്കുറിച്ച് അങ്ങനെ പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ടെന്ന് അവന് തോന്നി.. ആദ്യമൊന്നും അത് കേൾക്കുന്നത് ഇഷ്ടമായിരുന്നില്ലെങ്കിലും പോകെ പോകെ അയാളത് ഇഷ്ടപ്പെട്ടു തുടങ്ങി
''സത്യത്തിൽ അങ്ങനെയുണ്ടോ.? ഈ ആളുകളെല്ലാം ഇങ്ങനെ പറയുന്നതിൽ വല്ല സത്യവുമുണ്ടോ..'' ഇടയ്ക്കയാൾ ചിന്തിക്കും..
ഏതായാലും അതങ്ങനെതന്നെയാവട്ടെ, തനിക്ക് ദോഷമുളള കാര്യമൊന്നുമല്ലല്ലോ നല്ലതല്ലേ.. ''ഭാഗ്യവാൻ'' ലോകത്തിലേക്കും വച്ച് ഏറ്റവും മധുരതരമായ വാക്കല്ലേ അത്.. ഇന്നത് കേൾക്കുമ്പോൾ രസഗുള കഴിച്ചതു പോലൊരു സുഖം.. ശരീരമാകെ രോമാഞ്ച പുളകിതമാകുന്നത് പോലെ..
''എല്ലാരും കൂടി എൻറെ കുഞ്ഞിനെ കണ്ണ് വച്ച് ദുഷിപ്പിക്കും നാശങ്ങൾ'' അമ്മ പലപ്പോഴും പറയുന്നതവൻ കേൾക്കാറുണ്ട്..
ഏയ്.. അങ്ങനെ സംഭവിക്കുമോ.? ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി തനിക്കെന്ത് ദോഷം വരാൻ.. അയാൾ മനഃസ്സിലോർക്കും.
അല്ലാ... ഇനിയിപ്പോൾ അമ്മ പറയുന്നതിൽ വല്ല കാര്യവുമുണ്ടോ.? തൻറെ ഭാഗ്യമെല്ലാം മാറി പോകുമോ..?
ച്ചെ... ഇതെല്ലാം ചുമ്മാ അന്ധവിശ്വാസങ്ങളല്ലേ..? അയാൾ സ്വയം ഒരു നിഗമനത്തിലെത്തും..
അച്ഛൻറെ നാവിൽ നിന്നാണ് ആദ്യമവൻ കേട്ടത്, താൻ ഭാഗ്യവാനാണെന്ന്.. തൻറെ ജനനത്തോടെ കുടുംമ്പത്തിൽ ഐശ്വര്യമുണ്ടായെന്ന്.. അതിൽ വല്ല സത്യവുമുണ്ടോ.?
തകർന്നു കിടന്ന ബിസിനസ്സ് പച്ച പിടിച്ചു, പണവും പ്രതാപവും വീണ്ടു കിട്ടി, ജീവിത സാഹചര്യം മെച്ചപ്പെട്ടു.. എല്ലാം ഇവൻറെ ജനനത്തോടെയാ, ഇവൻ ഭാഗ്യവാനാ.. അച്ചൻ പലപ്പോഴും പറയും..
പിന്നീട് അതൊരു തുടർക്കഥ പോലെ വന്നുകൊണ്ടിരുന്നു.. ഒരിക്കൽ ഉത്സവപ്പറമ്പിൽ ഇടഞ്ഞ ആനയുടെ കാലടികൾക്കിടയിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.. അന്നും തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ അമ്മയുടെ അടക്കിപ്പിടിച്ച പുലമ്പലുകൾ.. എൻറെ മോൻ ഭാഗ്യവാനാടാ...
പഠനത്തിൽ അത്ര കേമനല്ലെങ്കിലും പരീക്ഷകളെല്ലാം വിജയിച്ച് കയറുമ്പോൾ അദ്ധ്യാപകരുടെ നാവിൽ നിന്ന്.- ഭാഗ്യവാൻ.
അവൻറെ നേതൃത്തത്തിൽ കലാ, കായിക മത്സരങ്ങൾ വിജയിക്കുമ്പോൾ കൂട്ടുകാരുടെ നാവിൽ നിന്ന്-ഭാഗ്യവാൻ
ആ നാട്ടിൽ ആദ്യമായി അവന് തന്നെ ലോട്ടറി അടിച്ചപ്പോൾ നാട്ടുകാരുടെ നാവിൽ നിന്ന്- ഭാഗ്യവാൻ
വന്ന് വന്ന് ഇപ്പോൾ അത് അവൻറെ ജീവിതത്തിൻറെ ഒരു ഭാഗമായതു പോലെ..
ദിവസവും ആരുടെയെങ്കിലും നാവിൽ നിന്ന് അത് കേൾക്കണമവന്.. ഇല്ലെങ്കിൽ അന്നത്തെ ദിവസം അവന് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ..
പക്ഷേ, ഇതിൻറെ പേരിൽ അവൻറെ ഉറക്കം നഷ്ടപ്പെടാൻ ആരും അനുവദിച്ചിരുന്നില്ല കാരണം അവൻ ഭാഗ്യവാനല്ലേ..
അങ്ങനെ എല്ലാരും പറയുന്നത് സത്യം തന്നെയാണെന്ന് അവൻ ഉറപ്പിച്ചു, തിരിഞ്ഞു നോക്കിയാൽ എത്രയെത്ര ഉദാഹരണങ്ങൾ.. താൻ ചെയ്തിട്ടുളള എല്ലാ കാര്യത്തിലും എന്തെങ്കിലുമൊക്കെ നേടാൻ തനിക്ക് കഴിഞ്ഞിട്ടില്ലേ... ഈ നാട്ടിൽ എൻറെ സമ പ്രായക്കാരിൽ ആർക്കുണ്ട് ഇത്ര സുഖകരമായ ജീവിതം... തൻറെ സുഹൃത്തുക്കളിൽ ആർക്കുണ്ട് ഇത്ര നല്ലൊരു ബൈക്ക്... ഇതുപോലെ ചെലവിടാൻ പണം... സത്യത്തിൽ ഭാഗ്യവാൻ തന്നെ.. എങ്കിലും അത് മറ്റുളളവരുടെ നാവിൽ നിന്നും കേൾക്കുമ്പോൾ ഉളെളാരു സുഖം, മനഃസ്സിൽ കുളിർമഴ പോലെ പെയ്തിറങ്ങുന്ന മധുര നാദം.. ആ ഓർമ്മയിൽ ലയിച്ച് ഒരു നിമിഷമവൻ പരിസരം തന്നെ മറന്നു.. തിരക്കേറിയ ഒരു തെരുവീഥിയിലൂടെ ബൈക്കിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മറന്നു.. ഒരു നിമിഷം.. ആ ഒരു നിമിഷം... ആ ഭാഗ്യവാൻറെ സുവർണ സ്വപ്ന പേടകം എതിരെ വന്ന ആധുനിക യുഗത്തിലെ ഒരു യമരാജ ശകടത്തിലേക്ക് ഇടിച്ചു കയറി.. ഓടിക്കൂടിയ നാട്ടുകാർ അവൻറെ ഒടിഞ്ഞു തൂങ്ങിയ ദേഹം ഒരു വിധത്തിൽ അടുത്തുളള ഒരു ആശുപത്രിയിലെത്തിച്ചു, പരിശോദന നടത്തിയ ഡോക്ടർ എല്ലാം കഴിഞ്ഞെന്ന് വിധിയെഴുതുമ്പോഴും ചതഞ്ഞരഞ്ഞ ദേഹത്ത് ഒരു പോറൽ പോലും ഏൽക്കാതിരുന്ന അവൻറെ മുഖം നോക്കി ചുറ്റിലും നിന്നവർ പറഞ്ഞു അവൻ ഭാഗ്യവാൻ ആണെന്ന് പറയുന്നത് വെറുതെയല്ല, കണ്ടില്ലേ മുഖത്ത് ഒരു പോറലു പോലും ഏറ്റിട്ടില്ല..
കേട്ടു നിന്നവരും അതേറ്റു പിടിച്ചു ശരിയാ അവൻ ഭാഗ്യമുളളവനാ..
''ഭാഗ്യവാൻ''....??...
****** ***** *****
-രഞ്ജിത്
Comments
Post a Comment