കഥ.. ശവക്കുഴികൾ വിലപേശുമ്പോൾ.
''ഇവിടാരുമില്ലേ.?''
ആ സെമിത്തേരിയുടെ മുന്നിലെത്തി അയാൾ വിളിച്ചു ചോദിച്ചു..
ആരെയും കാണാത്തതിനാൽ പതിയെ അകത്തേക്ക് കയറി നോക്കി..
''നിൽക്കവിടെ..''
ഇടിവെട്ടു പോലൊരു ശബ്ദം..
''ആരോടു ചോദിച്ചിട്ടാ അകത്ത് കേറിയത്.''
കല്ലറകൾ ഒന്നടങ്കം അയാളോട് ചോദിച്ചു..
''ഞാൻ... .. ഞാൻ ചത്തതാ.''
''അത് പിന്നെ ഞങ്ങൾക്കറിയില്ലേ.. ചത്തവരെയും ജീവനുളളവരേയും കണ്ടാൽ ഞങ്ങൾക്ക് തിരിച്ചറിയാം...
താനൊരു ആത്മാവല്ലേ.. എന്തിനിവിടെ വന്നു...
ഇത് ശവങ്ങൾക്കുളള സ്ഥലമാണ്..''
''അതെ.. അറിയാം...
ഞാൻ ദാ അവിടെ ചത്തു കിടപ്പുണ്ട്.. അതവിടെ കിടന്ന് ചീഞ്ഞ് നാറാൻ തുടങ്ങി.. ഒന്നെടുത്ത് കുഴിച്ചിടാൻ ആരുമില്ല.. അതിനുളള സ്ഥലവുമില്ല.. ഇവിടെ അൽപം സ്ഥലം കിട്ടുമോന്നറിയാൻ വന്നതാ.?''
ഹ ഹ ഹാാ.. ഹ ഹ ഹാാാ... കല്ലറകൾ ഒന്നടങ്കം ആർത്ത് ചിരിക്കാൻ തുടങ്ങി..
നിങ്ങളെന്തിനാ ഇങ്ങനെ ചിരിക്കുന്നത്.. അയാൾ ചോദിച്ചു..
എങ്ങനെ ചിരിക്കാതിരിക്കും സുഹൃത്തേ ആദ്യമായിട്ടാ സ്വന്തം ശവം മറവു ചെയ്യാൻ സ്ഥലമന്വേഷിച്ച് ഒരു ആത്മാവ് അലഞ്ഞു നടക്കണത് കാണണെ....
തനിക്ക് ബന്ധുക്കളാരുമില്ലേ..
''ഇല്ല... എനിക്കാരുമില്ല.. രോഗിയായപ്പോൾ മക്കൾ കൈയൊഴിഞ്ഞവനെ ബന്ധുക്കൾ തിരിഞ്ഞു നോക്കുമോ...
ഒരാഴ്ചയായി ആഹാരം പോലും കഴിക്കാനില്ലാരുന്നു അങ്ങനാ പെട്ടെന്ന് ചത്തത്.''
''ചത്തു'' എന്നല്ല ''മരിച്ചു'' എന്ന് പറയൂ സുഹൃത്തേ..
''എൻറെ ശവം കണ്ടവരൊക്കെ അങ്ങനെയാണല്ലോ പറഞ്ഞത്..
അയാള് ചത്തൂ..ന്ന്.''
ഓഓ തനിക്ക് പണമില്ലല്ലോ അല്ലേ.. അങ്ങനെയുളളവര് ചാകും, അൽപം കൂടി ഉയർന്നവര് മരിക്കും.. പിന്നെയും ഉയർന്നവർ നിര്യാതരാവും, കാലം ചെയ്യും, നാടു നീങ്ങും.. അങ്ങനെയങ്ങനെ ... ഹ ഹ ഹാാാ.. ഈ മനുഷ്യൻമാരുടെ ഒരു കാര്യം..
അല്ല.. തനിക്ക് പണമില്ല, പിന്നെങ്ങനെ ഇവിടെ..?
''ഇവിടെ പണം വേണോ.?''
''പിന്നില്ലാതെ.. താനെന്താ കരുതിയെ. സൗജന്യമാണെന്നോ.?''
''എൻറെ കയ്യിൽ ഒന്നുമില്ല.''... ''പണം ഉണ്ടായിരുന്നേൽ ഞാൻ ഇത്ര വേഗം മരിക്കില്ലായിരുന്നല്ലോ.''
''എങ്കിൽ പിന്നെ ഇവിടെ നിന്ന് സമയം കളയേണ്ട വേഗം വിട്ടോ.''
''അങ്ങനെ പറയരുത്... മരിച്ച് കഴിഞ്ഞാൽ എല്ലാരും തുല്ല്യരല്ലേ.''
''ആണോ... തന്നോടാരു പറഞ്ഞു ഈ വിഡ്ഢിത്തമൊക്കെ..''
'' എല്ലാരും പറയാറുണ്ടല്ലോ അങ്ങനെ.. പിന്നെ, എൻറെ മതം എന്നെ പഠിപ്പിച്ചതും അങ്ങനായിരുന്നല്ലോ.''
'' എടോ മണ്ടച്ചാരേ, അതൊക്കെ പണ്ട്.. ഇന്നിപ്പോൾ കഥ മാറി.. താനിത് കണ്ടോ, പതിനായിരം മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുളള കല്ലറകൾ ഇവിടുണ്ട്..''
''ങേ.. ഒന്നര ലക്ഷം രൂപയോ.?''
''അതേന്ന്..'' ''അതായത് ഏറ്റവും കുറഞ്ഞത് പതിനായിരം എങ്കിലും വേണം.'' '' താൻ കണ്ടോ മാർബിളൊക്കെയിട്ട് മിനുക്കിയിരിക്കുന്ന കല്ലറകൾ.. അതൊക്കെ കാശുളളവർക്കുളളതാ.. അവർക്കതിൽ സുഖമായി വിശ്രമിക്കാം.. പണമില്ലാത്തവന് ഇതൊന്നും പറഞ്ഞിട്ടില്ല..
അല്ല...പണമില്ലാത്ത താനൊക്കെ എന്തിന് മരിക്കാൻ പോയി.?''
''ജനിച്ചു പോയില്ലേ.. ഒരു നാൾ മരിക്കണമല്ലോ.''
''താനൊക്കെ എന്തിനാ ജനിച്ചത്..കഷ്ടപ്പെടാൻ വേണ്ടി മാത്രമോ.?.. കണ്ടില്ലേ മരിച്ചിട്ടും തീർന്നില്ല വീണ്ടും അലച്ചിൽ തന്നെ.''
''അപ്പോൾ പണമാണല്ലേ എല്ലാത്തിലും മുഖ്യം.. ജീവിച്ചിരുന്നപ്പോൾ കുറേ സമ്പാദിച്ചിരുന്നെങ്കിൽ തനിക്കീ ഗതി വരില്ലായിരുന്നു... ഒരു ആത്മാവായ ഞാൻ എൻറെ ശവശരീരം മറവു ചെയ്യാൻ അലയേണ്ടി വരില്ലായിരുന്നു അല്ലേ.?''
''പിന്നല്ലാതെ.. താൻ വേഗം സ്ഥലം വിടാൻ നോക്ക്.. ഇന്നൊരു VIP മരിച്ചിട്ടുണ്ട്.. അയാളെ സ്വീകരിക്കാനുളള ഒരുക്കങ്ങൾ തുടങ്ങണം... കണ്ടില്ലേ ആളുകൾ മാർബിളൊക്കെ മിനുക്കുന്നത്.. അയാളുടെ പെട്ടിക്ക് തന്നെ ഒരു ലക്ഷത്തിനടുത്താ വില എന്ന് പറയുന്നത് കേട്ടു.. വെറുതെ നിന്ന് നാണം കെടണോ.. അയാൾ വരുന്നതിന് മുൻപ് പോകാൻ നോക്ക്.. വെറുതെ ഞങ്ങളെ മെനക്കെടുത്താതെ..''
ഇനിയും നിന്നിട്ട് കാര്യമില്ലെന്ന് അയാൾക്ക് മനഃസ്സിലായി..
തൻറെ ശവം അവിടെ കിടക്കട്ടെ.. അതിപ്പോൾ തന്നെ പുഴുക്കൾ അരിച്ചു തുടങ്ങിക്കാണും.. പിന്നെ ഉറുമ്പ്..
വേണെങ്കിൽ പട്ടിയും പൂച്ചയുമൊക്കെ കൂടിക്കോട്ടെ.. കാക്ക, കഴുകൻ തുടങ്ങിയ പക്ഷികൾക്കും തിന്നാം..
ആർക്കും വേണ്ടാത്ത തൻറെ ശരീരം അവർക്കെങ്കിലും ഉപകാരപ്പെടട്ടെ..
ശവക്കുഴികൾ വരെ വില പേശുന്ന ഈ ലോകത്തു നിന്നും, തൻറെ ശവം മറവു ചെയ്യണമെന്ന ആഗ്രഹം ഉളളിലൊതുക്കി വ്യഥിതചിത്തനായ ആ ആത്മാവ് മറ്റേതോ ലോകത്തേക്ക് യാത്രയായി.
***** ****** ******* *******
-രഞ്ജിത്
Good
ReplyDeleteThank u
DeleteHi
ReplyDeleteHai
DeleteMan ny thinking & nys story bro
ReplyDeleteThank uu
DeleteThank u
ReplyDelete❤️
ReplyDeleteThank uu
Delete❤️❤️❤️
ReplyDeleteThank uu
Deleteകൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteThank uuuu
DeleteRenjith,
ReplyDeleteThought provoking lines.. 👌
Keep it up...
Keep writing...
Wishes...
Thank u Sir
Delete👍
ReplyDeleteThank uuu
Delete